കുട്ടികൾ ക്ലാസ് കട്ട് ചെയ്ത് ഇവിടെയെത്തുന്നു, മണിക്കൂറിന് ഈടാക്കുന്നത് എൺപത് രൂപ, പണം ചോദിച്ച് വീട്ടിൽ ബഹളം; ആധിയോടെ രക്ഷിതാക്കൾ
കാസർകോട്: ഓൺലൈൻ ഗെയിം സെന്ററുകളുടെ പ്രവർത്തനം മൂലം കുട്ടികൾ ഗെയിമുകൾക്ക് അടിമകളാകുന്നു. ക്രമേണ കുട്ടികൾ ഓൺലൈൻ ചൂതാട്ടങ്ങളിലേക്കും അശ്ലീല വീഡിയോകളിലേക്കും വഴുതി മാറുകയാണ്. കാസർകോട് കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ ജില്ലയുടെ വടക്കൻ മേഖലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ ഓൺലൈൻ ഗെയിം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ദിവസവും നിരവധി കുട്ടികളാണ് ഗെയിം കളിക്കാനെത്തുന്നത്.
സ്കൂളിൽ നിന്ന് അവധിയെടുത്ത് പോലും കുട്ടികൾ ഗെയിം കളിക്കാനെത്തുന്നുണ്ടത്രെ. ഓൺലൈൻ ഗെയിം സെന്ററുകളിൽ ഒരുക്കിയ കംപ്യൂട്ടറുകൾക്ക് മുന്നിലിരുന്നാണ് കുട്ടികൾ ഗെയിം കളിക്കുന്നത്. 10 വയസു മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഗെയിം കളിക്കാനെത്തുന്നത്. പല കുട്ടികളും സ്കൂൾ വിട്ട് കഴിഞ്ഞാൽ നേരെ ഗെയിം കേന്ദ്രങ്ങളിൽ എത്തുന്നു. മറ്റു ചില കുട്ടികളാകട്ടെ സ്കൂളിൽ നിന്നു മുങ്ങിയാണ് ഓൺലൈൻ കളിയിൽ മുഴകുന്നത്. രണ്ടും മൂന്നും മണിക്കൂർ നേരം പോലും കംപ്യൂട്ടറുകൾക്ക് മുന്നിൽ ചിലവഴിക്കുന്ന കുട്ടികളുമുണ്ട്.
ഗെയിം കളിക്കുന്നതിനെ വീട്ടുകാർ ചോദ്യം ചെയ്താൽ കുട്ടികൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നു. മണിക്കൂറുകളോളം കളിക്കുമ്പോൾ കുട്ടികൾക്ക് വൻതുക തന്നെയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഗെയിം കളിക്കാനുള്ള പണത്തിന് വേണ്ടി കുട്ടികൾ വീട്ടിൽ ബഹളമുണ്ടാക്കുന്നത് രക്ഷിതാക്കൾക്ക് കടുത്ത തലവേദനയായിട്ടുണ്ട്.
ഗെയിമിന് അടിമയായ കുട്ടികൾ പഠനത്തോട് താൽപര്യം കാണിക്കാത്തതും രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. ഇതിനെ രക്ഷിതാക്കൾ ചെറുക്കുമ്പോൾ കുട്ടികൾ പ്രകോപിതരാവുകയാണ് ചെയ്യുന്നത്. ഗെയുമികൾക്ക് അടിമകളാകുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം രക്ഷിതാക്കളെ ഭയപ്പെടുത്തുകയാണ്. വിദ്യാർത്ഥികളുടെ ഭാവിക്ക് തന്നെ ദോഷകരമായി മാറുന്ന ഇത്തരം ഓൺലൈൻ ഗെയിം കേന്ദ്രങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം രക്ഷിതാക്കളിൽ ശക്തമാവുകയാണ്.