24 മണിക്കൂറിനുള്ളിൽ ഗാസ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്, വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍
ടെൽ അവീവ്: 24 മണിക്കൂറിനുള്ളിൽ തെക്ക് ഭാഗത്തേക്ക് മാറാൻ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗാസയുടെ വടക്കൻ ഭാഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയക്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയിൽ ജീവിക്കുന്നത്. അതേസമയം, ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി. എന്നാൽ, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. അതിനിടെ ഗാസയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.