തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് കൊള്ളയടിക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണം: മുസ്ലിം ലീഗ്
കാസർകോട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സഹകരണ സ്ഥാപനങ്ങൾക്ക് അനുവദിക്കാനുള്ള സർക്കാർ ഉത്തരവ് സഹകരണ സ്ഥാപനത്തിൻ്റെ മറവിൽ കൊള്ള നടത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും അടിയന്തിരമായി ഉത്തരവ് റദ്ദാക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു. നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കേണ്ട ജനങ്ങളുടെ നികുതിപ്പണം സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന വിധം ഫീസുകളും മറ്റും ഈടാക്കുന്ന സഹകരണത്തിൻ്റെ ലേബലിൽ രോഗികൾക്ക് ഒരു സൗജന്യവും നൽകാത്ത സഹകരണ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും നൽകാൻ ഉത്തരവിടുന്നത് അംഗീകരിക്കാനാവില്ല.
കരുവന്നൂരില നിക്ഷേപകൊള്ളയുടെ പശ്ചാത്തലത്തിൽ പാർട്ടി ആധിപത്യമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉൾപ്പടെ ഒരു ഫണ്ടും നൽകരുത്. അങ്ങിനെ നൽകുന്നത് അധികാര ദുർവിനിയോഗവുമാണ്.
നീലേശ്വരം നഗരസഭയുടെ തനത് ഫണ്ട് ഒരു കോടി രൂപ സി.പി.എം.നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് നൽകാവുന്നതാണെന്ന സർക്കാർ ഉത്തരവ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും കൂടി കയ്യിട്ട് വരാനുള്ള സി പി എം ശ്രമത്തിൻ്റെ ഭാഗമാണ്.
ഇത്തരം നീക്കങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ജനപ്രതിനിധികളും ജനാധിപത്യവിശ്വാസികളും മുന്നോട്ട് വരണമെന്നും വിവാദമായ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.