സമസ്ത-ലീഗ് പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് ഇടപെടും
കോഴിക്കോട്: സമസ്ത-ലീഗ് പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് ഇടപെടും. വി.ഡി സതീശനുമായി സമസ്ത നേതാക്കൾ ഇതുസംബന്ധിച്ച് ചർച്ച നടത്തി. സി.പി.എമ്മായി മുദ്രകുത്തുന്നതിലുള്ള വിഷമം സമസ്ത നേതാക്കൾ സതീശനോട് പങ്കുവെച്ചു. യു.ഡി.എഫ് വിരുദ്ധ നിലപാടില്ലെന്നും സമസ്ത നേതാക്കൾ സതീശനെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് സമസ്ത നേതാക്കൾക്ക് സതീശൻ ഉറപ്പ് നൽകി.
പി.എം.എ സലാം നടത്തിയ പരാമർശം പൂർണമായും ജിഫ്രി തങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടാണ്. ഇത് ലീഗിനൊപ്പം നിൽക്കുന്ന ഒരു പ്രസ്ഥാനത്തോട് കാണിക്കാൻ പാടില്ലാത്ത ഒരു മര്യാദകേടാണ്. ഇതിനോടുള്ള മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം ഒട്ടും ന്യായമായിരുന്നില്ല. കാര്യങ്ങൾ പരിശോധിക്കാതെയാണ് അദ്ദേഹം അന്ധമായി പി.എം.എ സലാമിനെ പിന്തുണച്ചത്. ഇക്കാര്യത്തിൽ തങ്ങൾക്ക് വലിയ വിശമമുണ്ട്. തങ്ങൾ യു.ഡി.എഫിനോ മുസ് ലിം ലീഗിനോ എതിരെ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല. എന്നാൽ തങ്ങളെ സി.പി.എമ്മായി മുദ്രകുത്തി അക്ഷേപിക്കുന്നുവെന്ന പരാതിയാണ് വി.ഡി സതീശന് മുന്നിൽ സമസ്ത നേതാക്കൾ വെച്ചത്.
കൂടാതെ ഈ വിഷയത്തിൽ ഇടപെടണമെന്ന അഭ്യർഥനയും സമസ്ത നേതാക്കൾ നടത്തി. ഈ വിഷയം തനിക്ക് വ്യക്തമായി ബോധ്യമുണ്ട്. ഈ വിഷയത്തിൽ തങ്ങൾ ഇടപെടും. മറ്റ് പ്രകോപനത്തിനൊന്നും ആരും തുനിയരുതെന്നുമാണ് വി.ഡി സതീശൻ മറുപടി നൽകിയത്. അടുത്ത ദിവസം തന്നെ സമസ്ത നേതാക്കളോടും മുസ്ലിം ലീഗ് നേതാക്കളോടും വി.ഡി സതീശൻ തന്നെ നേരിട്ട് സംസാരിക്കാനാണ് സാധ്യത. സമസ്ത നേതാക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് വി.ഡി സതീശൻ.