തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാർട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോക്സഭാ തോൽവിക്ക് ശേഷം സംസ്ഥാന നേതാക്കൾ മലക്കംമറിയുമ്പോഴാണ് നയവ്യതിയാനം ഇല്ലെന്ന് കാട്ടി കേന്ദ്രകമ്മിറ്റി രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം തിരുവനന്തപുരം ഇഎംഎസ് അക്കാദമിയിൽ മൂന്ന് ദിവസമായി ചേർന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലെ റിപ്പോർട്ടിലാണ് ഇതുള്ളത്. ഈ റിപ്പോർട്ട് സിപിഎം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സ്ത്രീപുരുഷ സമത്വത്തിന് അനുകൂലമാണ് സിപിഎം നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടി പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി പാർട്ടി നിലപാട് വിശദീകരിച്ചിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി മൂന്ന് ദിവസം യോഗം ചേർന്ന് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക നീക്കണമെന്ന് തീരുമാനിച്ചു.
യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാരോ മന്ത്രിമാരോ പിന്നീട് കൈക്കൊണ്ടില്ല. വിധി വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്താണ് നേതാക്കളും മന്ത്രിമാരും പ്രതികരിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട അടവുനയത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കേന്ദ്രകമ്മിറ്റി നിലപാട്.