കുമ്പളയിൽ മദ്യവിൽപ്പനയെ ചോദ്യംചെയ്തതിനെ ചൊല്ലി തർക്കം; യുവാവിന്റെ കഴുത്തു മുറിച്ചു
കാസർകോട്:കുമ്പളയിൽ മദ്യവിൽപ്പനയെ ചോദ്യംചെയ്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തു ബ്ലേഡുകൊണ്ടു മുറിച്ചു. സാരമായി പരിക്കേറ്റ കോയിപ്പാടി കടപ്പുറത്തെ മുബീനി(41)നെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ പത്തു മണിയോടെ കുമ്പള ബദിയഡുക്ക റോഡിലാണ് സംഭവം. മാർക്കറ്റിനു സമീപത്തു പാക്കററ് മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടയിൽ സദൻ എന്നയാളാണ് ബ്ലേഡുകൊണ്ട് കഴുത്തു മുറിച്ചതെന്നു മുബീൻ മൊഴി നൽകി. ബഹളം കേട്ട് ആൾക്കാർ ഓടിക്കൂടിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് മുബീനെ ആശുപത്രിയിലെത്തിച്ചത്.