ബീഹാറിലെ ബക്സറിൽ ട്രെയിനപകടം; നാല് മരണം, നിരവധിപേർക്ക് പരിക്കേറ്റതായി സൂചന
ബിഹാറിലെ രഘുനാഥ് പൂരിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് മരണം. അപകടത്തിൽ 90 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് അസമിലെ ഗുവാഹത്തിയിലേക്കു പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് രഘുനാഥ്പുർ സ്റ്റേഷനിൽ പാളം തെറ്റിയത്. ഇന്നലെ അർധ രാത്രിയോടെയാണ് അപകടം നടന്നത്. 21 കോച്ചുകൾ പാളം തെറ്റുകയായിരുന്നു. ഇവയിൽ ആറ് കോച്ചുകളിലാണ് കൂടുതൽ ആഘാതമേറ്റത്. കേന്ദ്രമന്ത്രിമാർ സ്ഥലത്തെത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
ഒഡീഷയിലെ ബാലസോർ ട്രെയിനപകടത്തിന്റെ ഞെട്ടൽ മാറുന്നതിന്റെ മുമ്പാണ് മറ്റൊരു അപകടം നടന്നിരിക്കുന്നത്. ബാലസോറിലുണ്ടായ അപകടത്തിൽ 293 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്.
സംഭവത്തിൽ മൂന്നു റെയിൽവെ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഈ മൂന്ന് പേരുടെയും പ്രവൃത്തികൾ അപകടത്തിലേക്ക് നയിച്ചുവെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ടെന്നും ദുരന്തത്തിൽ കലാശിക്കുമെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു. അപകടത്തിൽ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സിബിഐ സംഘം അന്വേഷിച്ചുവരികയായിരുന്നു. ജൂൺ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.