രാഹുൽ ഗാന്ധി മത്സരിക്കാനില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിംലീഗ്
മലപ്പുറം: വയനാട് ലോക്സഭ സീറ്റിനായി മുസ്ലിംലീഗ് ശ്രമം തുടങ്ങി.രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മത്സരിക്കുന്നില്ലെങ്കിലാണ് സീറ്റ് മുസ്ലിംലീഗ് ആവശ്യപ്പെടുക. ലോക്സഭയിലേക്ക് മൂന്നാമതൊരു സീറ്റ് ലഭിക്കാനുള്ള സാധ്യതകൾ ലീഗിന് മുമ്പിൽ തെളിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. വയനാട് മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് മുസ്ലിംലീഗ് കണക്ക് കൂട്ടൽ. എന്നാൽ അധിക സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ അന്തിമ തീരുമാനമായിട്ടില്ല.
നേരത്തെ വടകര സീറ്റ് ആവശ്യപ്പെടണമെന്ന ചർച്ച ലീഗിനകത്ത് നടന്നിരുന്നു. എന്നാൽ കെ.കെ ശൈലജ ടീച്ചർ വടകരയിൽ മത്സരിക്കുകയാണെങ്കിൽ തങ്ങളുടെ വിജയം പ്രയാസകരമായിരിക്കുമെന്നാണ് ലീഗ് വിലയിരുത്തൽ. കണ്ണൂർ, കാസർകോട് അടക്കമുള്ള സീറ്റുകൾ ആദ്യഘട്ടത്തിൽ ആവശ്യപ്പെടില്ല. മൂന്നാമത് സീറ്റ് ലഭിച്ചാൽ വിജയം ഉറപ്പിക്കാനാവണം. അല്ലെങ്കിൽ ലീഗിന് അത് ഭാവിയിലും ദോഷം ചെയ്യും. വിജയം ഉറപ്പുള്ള സീറ്റിൽ മാത്രം മത്സരിച്ചാൽ മതി എന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെയും നിലപാട്. ഏതെങ്കിലും സീറ്റിൽ മത്സരിച്ച് പരാജയപ്പെടുന്നതിനെക്കാൾ നല്ലത് രാജ്യസഭയിലേക്ക് അധിക എം.പിയെ വേണമെന്ന ആവശ്യം ഉയർത്തണമെന്ന അഭിപ്രായം ഉള്ള നേതാക്കളും ഉണ്ട്. രാഹുൽഗാന്ധി വയനാട്ടിലെത്തിയില്ലെങ്കിൽ തങ്ങൾക്ക് ആ സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ.