ഈയാഴ്ച ദ്വൈവാരിക പ്രസാധകൻ പി.എ അഹമദ് താജ് അന്തരിച്ചു
കാസർകോട്: ഈയാഴ്ച ദ്വൈവാരിക പ്രസാധകനും പഴയകാല പ്രവാസിയുമായ പി.എ അഹമദ്
താജ് (90) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ തളങ്കര പള്ളിക്കാലിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്നു വിശ്രമത്തിലായിരുന്നു. കവി ടി. ഉബൈദ് മാഷിനോടൊപ്പം നിന്ന് കാസർകോട്ട് വിദ്യഭ്യാസ സാംസ്കാരിക രംഗങ്ങളുടെ മുന്നേറ്റത്തിനും സാമൂഹ്യ രംഗത്തെ മാറ്റത്തിനും വേണ്ടി പ്രവർത്തിച്ചിരുന്നു. ഉബൈദ് മാഷിന്റെ രചനകൾ പകർത്തിയെഴുതിയിരുന്നത് താജ് അഹമ്മദായിരുന്നു. കർണാടകയിലെ ഭദ്രാവതിയിൽ കരാറുകാരനായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് എഴുത്തിനോടുള്ള താൽപര്യം കാരണം നാട്ടിൽ തിരിച്ചെത്തി തായലങ്ങാടിയിൽ താജ് ബുക്ക് ഹൗസ് എന്ന പേരിൽ പുസ്തക-സ്റ്റേഷനറി കട ആരംഭിച്ചു. 1965 മുതൽ അഞ്ച് വർഷത്തോളം ദുബായിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഈയാഴ്ച ദ്വൈവാരിക പുറത്തിറക്കി. വാരികയുടെ പ്രിന്ററും പബ്ലിഷറും താജ് അഹമദായിരുന്നു. തളങ്കര പള്ളിക്കാലിലെ പരേതരായ വൈദ്യർ അബ്ദുൽഖാദറിന്റെയും ആമിനയുടേയും മകനാണ്. ഭാര്യ: സൽമ. മക്കൾ: പരേതനായ അമീൻ, സമീറ, ഫൈസൽ, ലുബ്ദ മരുമക്കൾ: അഷ്റഫ് കളനാട്, നസീർ ആരിക്കാടി, സൗബാന, സ സഹോദരങ്ങൾ: ഡോ. വി.എം മഹമൂദ്, പരേതരായ മറിയുമ്മ, മൊയ്തു, സുലൈമാൻ, ഉമ്പി, അസ്മ, കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ സഹോദര പുത്രനാണ്. ഖബറടക്കം ളുഹർ നിസ്കാരത്തിന് ശേഷം തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി അങ്കണത്തിൽ.