ലാഹോര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്ബരകള്‍ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ശുഐബ് അക്തര്‍. ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കാം, ടെന്നീസും കബഡിയും കളിക്കാം, പരസ്പരം തമാശകള്‍ പങ്കുവെയ്ക്കാം, പക്ഷേ ക്രിക്കറ്റ് മാത്രം എന്തുകൊണ്ട് കളിക്കുന്നില്ലെന്നും ശുഐബ് അക്തര്‍ ചോദിക്കുന്നു. തന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുന്‍ പാക് പേസറുടെ ചോദ്യം.
ഇന്ത്യയ്ക്ക് പാകിസ്താനിലേക്ക് വരാന്‍ താത്പര്യമില്ലെങ്കില്‍ നിഷ്പക്ഷ വേദികളിലെങ്കിലും മത്സരം സംഘടിപ്പിക്കണമെന്ന് ശുഐബ് അക്തര്‍ വീഡിയോയില്‍ പറയുന്നു. ഡേവിസ് കപ്പില്‍ ഇന്ത്യയും പാകിസ്താനും കളിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധങ്ങളുണ്ട്. ക്രിക്കറ്റ് ലോകകപ്പിലും ഏഷ്യാ കപ്പിലും ഇരുരാജ്യങ്ങളും നിഷ്പക്ഷ വേദികളില്‍ കളിക്കാറുണ്ടല്ലോ. അതുപോലെ ഉഭയകക്ഷി പരമ്ബരകളും സംഘടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്നം?-അക്തര്‍ വീഡിയോയില്‍ ചോദിക്കുന്നു.
ആതിഥേയ മര്യാദയുടെ കാര്യത്തില്‍ ലോകത്തെ ഒന്നാം നമ്ബര്‍ രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്താനെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇക്കാര്യം അറിവുള്ളതാണെന്നും അക്തര്‍ വ്യക്തമാക്കുന്നു. അധികം വൈകാതെ ഇന്ത്യയും പാകിസ്താനും പരമ്ബര ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി പരമ്ബര കളിച്ചത് ഏഴു വര്‍ഷം മുമ്ബാണ്. 2012-13ല്‍ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്ബരയ്ക്കായി പാക് ടീം ഇന്ത്യ സന്ദര്‍ശിച്ചിരിന്നു. അതായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാന പരമ്ബര. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ആ പരമ്ബര നടന്നത്. 13 വര്‍ഷം മുമ്ബ് 2007-ലാണ് ഇരുടീമുകളും അവസാനമായി ടെസ്റ്റ് പരമ്ബര കളിച്ചത്.