നവകേരള സദസ്സ് 2023 മഞ്ചേശ്വരം മണ്ഡലത്തില്‍ സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളും വരുംകാല വികസന കാഴ്ചപ്പാടുകളും ജനങ്ങളിലേക്കെത്തിക്കാനും ജനങ്ങളുമായി സംവദിക്കാനും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസ്സ് നവംബര്‍ 18ന് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് പൈവളിഗെ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണ യോഗം മഞ്ചേശ്വരം പൈവളിഗെ ലാല്‍ബാഗ് കുലാല സമാജ മന്ദിരത്തില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍ പേഴ്സണും കാസര്‍കോട് ആര്.ഡി.ഒ അതുല്‍ സ്വാമി നാഥ് കണ്‍വീനറുമായുള്ള സംഘാടക സമിതിയും ആറ് ഉപസമിതികളും രൂപീകരിച്ചു. ജനപ്രതിനിധികള്‍ അധ്യക്ഷന്മാരും ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായാണ് ഉപസമിതി രൂപീകരിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരായ സുബണ്ണ ആള്‍വ (പുത്തിഗെ ), കെ.ജയന്തി (പൈവളിഗെ ), എസ്.ഭാരതി (വൊര്‍ക്കാടി ), ജീന്‍ ലേവിന മെന്ദരോ (മഞ്ചേശ്വരം), സുന്ദരി ആര് ഷെട്ടി (മീഞ്ച ) എന്നിവര്‍ വൈസ് ചെയര്മാന്മാരായി പഞ്ചായത്ത് തലത്തില്‍ പ്രാദേശിക സംഘാടക സമിതിയും രൂപീകരിക്കും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും 20 മന്ത്രിമാരും ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ വരികയാണെന്നും അതിന്റെ തുടക്കം മഞ്ചേശ്വരത്ത് നിന്നാണെന്നും കളക്ടര്‍ പറഞ്ഞു. നവകേരള സദസ്സ് വിജയമാക്കാന്‍ ജില്ലാ ഭരണ സംവിധാനം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷയായി. വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട വിഷയങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് തന്നെ അറിയുന്നതിനാണ് നവകേരള സദസ്സ് നടത്തുന്നതെന്നും മഞ്ചേശ്വരത്ത് പരിപാടിയുടെ തുടക്കം മികച്ചതാക്കാന്‍ കഴിയണമെന്ന് അവര്‍ പറഞ്ഞു. തുളു അക്കാദമി ചെയര്മാന് കെ.ആര്.ജയാനന്ദ, വി.വി.രാജന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സംസാരിച്ചു. എ.ഡി.എം കെ.നവീന്‍ ബാബു സ്വാഗതവും കാസര്‍കോട് ആര്.ഡി.ഒ അതുല്‍ സ്വാമി നാഥ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്, അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കലാ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.