തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം
തിരുവനന്തപുരം: വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗം പകരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. രോഗബാധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ കന്നുകാലികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.
കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണത്തിനിടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. ഇതിന് മുമ്പും ബ്രൂസെല്ലോസിസ് കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില്‍ കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഏഴ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.