മയക്കുമരുന്ന് കൈമാറാൻ തെരഞ്ഞെടുത്ത സ്ഥലം ആശുപത്രി പാർക്കിംഗ്; പക്ഷേ സംഭവം എക്സൈസിന് മുന്നിൽ പൊളിഞ്ഞു.
കാസർകോട്: സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് മയക്കുമരുന്നു കൈമാറുന്നതിനിടയിൽ രണ്ടുപേർ അറസ്റ്റിൽ. പടന്ന, എടച്ചാക്കൈ സ്വദേശി ഫൈസൽ (37), തളിപ്പറമ്പ് ഏഴിലോട് സ്വദേശി സി.ടി.അബ്ദുല്ല (46) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയും സംഘവും ഞായാറാഴ്ച വൈകുന്നേരം നുളളിപ്പാടിയിൽ വച്ച് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നു 0.8 ഗ്രാം എം.ഡി.എം.എയും ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ആശുപത്രി പരിസരമായതിനാൽ ആരും സംശയിക്കില്ലെന്നാണ് പ്രതികൾ കരുതിയത്. പയ്യന്നൂരിൽ നിന്നു കാസർകോട്ടേക്ക് വൻതോതിൽ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത് സംഘത്തിൽ സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ പി.രാജേഷ്, എം.മുരളീധരൻ, കെ.പി.ശരത് എന്നിവരും ഉണ്ടായിരുന്നു.