ക്യാപ്സ്യൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയത് അരക്കോടിയുടെ സ്വർണം, മലപ്പുറം സ്വദേശി പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് അരക്കോടിരൂപയുടെ അനധികൃത സ്വർണം പിടിച്ചു. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷൗക്കത്തലിയാണ് പിടിയിലായത്. 1168ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
അതേസമയം മുക്കുപണ്ടം പണയപ്പെടുത്തി പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ ആൾ പിടിയിലായി. പാറശാല പൊലീസ് ഇയാളെ ആര്യനാട് പൊലീസിന് കൈമാറി. ബാലരാമപുരം വെടിവച്ചാൻ കോവിൽ പൂങ്കോട് മരുതറവിളാകം വീട്ടിൽ അച്ചു (30)വിനെയാണ് പാറശാല പൊലീസ് വെള്ളിയാഴ്ച പിടികൂടിയത്.
ആര്യനാട്ടെ ഒരു പണമിടപാട് സ്ഥാപനത്തിലും വെള്ളനാട്ടെ രണ്ട് പണയ സ്ഥാപനങ്ങളെ കബളിപ്പിച്ചാണ് പണം തട്ടിയത്. ആര്യനാട്ടെ പണമിടപാട് സ്ഥാപനത്തിൽ രണ്ട് വളകൾ പണയം വച്ച് 70,000 രൂപയാണ് വാങ്ങിയത്. തുക നൽകി പോയതിന് ശേഷം ജീവനക്കാർ വീണ്ടും പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളിൽ സ്വർണം പൂശിയതാണെന്ന് കണ്ടെത്തിയത്. ഇതുപോലെയാണ് വെള്ളനാട്ടെ രണ്ട് പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയത്. തട്ടിപ്പിന് വേണ്ടി ഈ ആഭരണങ്ങൾ സംഘം ഉണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിന് അച്ചുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. അച്ചുവിനെ കോടതിയിൽ ഹാജരാക്കി.