ശക്തവും നീണ്ടുനിൽക്കുന്നതുമായ യുദ്ധമുണ്ടാകുമെന്ന് ഇസ്രയേൽ; മരണസംഖ്യ ഉയരുന്നു, പടക്കപ്പലുകൾ അയച്ച് അമേരിക്ക
ടെൽഅവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. ഗാസയിൽ 500 ലധികം ഹമാസ് തീവ്രവാദികളെ ഒറ്റ രാത്രികൊണ്ട് ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസും, 2500 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.
മൂന്ന് ദിവസം മുമ്പാണ് യുദ്ധം ആരംഭിച്ചത്. റഷ്യ – യുക്രെയിൻ യുദ്ധത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിട്ടാണ് ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിനെ ലോകം വിലയിരുത്തുന്നത്. മരണ സംഖ്യയും ഉയരുകയാണ്. ആക്രമണത്തിൽ 700 ഇസ്രയേലുകാരടക്കം ഇതുവരെ 1100ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ 1500 ലധികം ഇസ്രയേലുകാർക്ക് പരിക്കേറ്റു. സൈനിക കമാൻഡർ അടക്കം നിരവധി പേരെ ഹമാസ് ബന്ദികളാക്കിവച്ചിരിക്കുകയാണ്. 1973ലെ യുദ്ധത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിവരം.
ശക്തവും നീണ്ടുനിൽക്കുന്നതുമായ യുദ്ധമുണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. 800 ഓളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആതേസമയം, ഐസിസും അൽഖ്വയ്ദയും പോലെയാണ് ഹമാസുമെന്ന് ഇസ്രയേൽ പ്രതിനിധി ഗിലാദ് എർദാൻ യു എന്നിൽ പറഞ്ഞു.
അതിനിടെ, ഇസ്രയേലിനെ സഹായിക്കാൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുമെന്ന് അമേരിക്ക അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ സൈനിക സഹായവും വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിൽ അമേരിക്കൻ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.