മിഠായി കഴിച്ച ഏഴുവയസുകാരിക്ക് ദാരുണാന്ത്യം, വിപണിയിലെത്തിയ 70 മില്യണോളം മിഠായികള്‍ തിരികെ കമ്ബനികളില്‍ എത്തിക്കാൻ നിര്‍ദ്ദേശം
വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ എഴ് വയസുകാരി ശ്വാസംമുട്ടി മരിച്ച് ആറുമാസത്തിന് ശേഷം രണ്ട് പ്രമുഖ കമ്ബനികള്‍ നിര്‍മ്മിച്ച 70 മില്യണ്‍ മിഠായികള്‍ തിരികെ കമ്ബനിയില്‍ എത്തിക്കാൻ നിര്‍ദ്ദേശം.
അമേരിക്കൻ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്റെതാണ് ( സി പി എസ് സി) നിര്‍ദ്ദേശം.
ഇന്ത്യാന ആസ്ഥാനമായുള്ള കമ്ബനിയായ കാൻഡി ഡൈനാമിക്സില്‍ നിന്നുള്ള 70 ദശലക്ഷം യൂണിറ്റ് സ്ലൈം ലിക്കര്‍ സോര്‍ റോളിംഗ് ലിക്വിഡ് കാൻഡിയും തുര്‍ക്കി കമ്ബനി നിര്‍മ്മിക്കുന്ന വിവിധ രുചികളിലുളള 145,800 യൂണിറ്റ് റോളിംഗ് കാൻഡിയുമാണ് സി പി എസ് സി തിരികെ കമ്ബനികളില്‍ എത്തിക്കാൻ ആവശ്യപ്പെട്ടത്.
വിവിധ ഫ്ളേവറുകളിലുളള ഒരു ദ്രാവകം മിഠായികളില്‍ ഉണ്ടെന്നും അത് കഴിക്കുന്നതിലൂടെ തൊണ്ടയില്‍ കുരുങ്ങുമെന്ന് സി പി എസ് സി കമ്മീഷൻ അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇത്തരത്തിലുളള ഉല്‍പ്പന്നങ്ങള്‍ കൊടുക്കരുതെന്നും കമ്ബനികളില്‍ നിന്നും പണം തിരികെ വാങ്ങണമെന്നും അറിയിച്ചു.
കൊക്കോ കാൻഡിയുടെ ഉല്‍പ്പന്നം കഴിച്ചതിലൂടെയാണ് ന്യൂയോര്‍ക്കില്‍ ഏഴ് വയസുകാരി മരിച്ചത്. 2022 മെയ്യ് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ അമേരിക്കയിലെ വിവിധ കടകളിലും കമ്ബനികളുടെ വെബ്സൈറ്റുകളിലുമായി ഉത്പ്പന്നങ്ങള്‍ വിറ്റുപോയിട്ടുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.
മിഠായികള്‍ പ്രധാനമായും സ്ട്രോബറി, റ്റൂട്ടി – ഫ്രൂട്ടി, കോള എന്നിവയുടെ രുചികളിലാണ് വിറ്റിരുന്നത്. നീല, ചുവപ്പ്, പച്ച, പിങ്ക് എന്നീ നിറങ്ങളിലുളള മിഠായികളാണ് വിപണികളില്‍ എത്തിയിരുന്നത്. ഇവയില്‍ ടോക്സിക് വേസ്റ്റ്, മെഗാ ടോക്സിക് വേസ്റ്റ് എന്ന ലേബലുകള്‍ ഉണ്ടായിരുന്നതായും കമ്മീഷൻ അറിയിച്ചു. റാസ് ബ്ളൂ, സ്ട്രോബറി, ബ്ലാക്ക് ചെറി, ആപ്പിള്‍ തുടങ്ങിയ രുചികളിലുളള മിഠായികളെയാണ് തിരിച്ച് വിളിച്ചത്. കമ്മീഷന്റെ വെബ്സൈറ്റില്‍ തിരികെ വിളിച്ച ഉല്‍പ്പന്നങ്ങളുടെ കോഡുകള്‍ കണ്ടെത്താൻ സാധിക്കും.
അതേസമയം കാൻഡി ഡൈനാമിക്സ് അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും റോളിംഗ് ബോള്‍ നീക്കം ചെയ്തിട്ടുണ്ട് എന്നും കമ്മീഷൻ വ്യക്തമാക്കി.