വിവാഹവാഗ്ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീമിനെ കാസർകോട് എത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും
കാസർകോട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെ (34) നാട്ടിലെത്തിച്ചു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് 11 മണിയോടെ ഹൊസ്ദുർഗ് കോടതിയില്‍ ഹാജരാക്കും.
ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ദുബായിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തുടർന്ന് ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പൊലീസിനെ അറിയിക്കുകയായിരുന്നു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്.
ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാഗ്ദാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.
നേരത്തെ, താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ‘‘കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്’’ – ഷിയാസ് കരീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും ഫേസ്ബുക്ക് വീഡിയോയിൽ പരാമർശമുണ്ടായിരുന്നു.