കുമ്പള പെർവാഡിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ യുവതി ട്രെയിനിടിച്ച് മരിച്ചു
കുമ്പള: സഹോദരിക്കൊപ്പം പാളത്തിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. കുമ്പള പെർവാഡിലെ പരേതനായ അബ്ദുർ റഹ്മാന്റെ ഭാര്യ ഷംസീന (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ പെർവാഡ് വെച്ചായിരുന്നു അപകടം. ഭർത്താവിന്റെ സഹോദരി പ്രസവിച്ചതിനാൽ കുട്ടിയെ കാണാൻ പോയി വരികയായിരുന്നു. തിരിച്ച് പെർവാഡ് പാളത്തിലൂടെ വീട്ടിലേക്ക് പോകവേയാണ് ട്രയിൻ തട്ടിയത്. ട്രയിൻ വരുന്നത് കണ്ട് സഹോദരി വിളിച്ച് കൂവിയിരുന്നു. പാളത്തിന് സമീപം കുറ്റിക്കാടായതിനാൽ മാറി നിൽക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ട്രയിൻ തട്ടി മൃതദേഹം ചിന്നി ചിതറിയിരുന്നു മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇല്യാസ് – ഹാജിറ ദമ്പതികളുടെ മകളാണ് ഷംസീന. മക്കൾ: അബ്ദുൽ ജാസിം, അബ്ദുൽ ശമ്മാസ്, ഫാത്വിമത് ജമീന ശംസീനയുടെ ഭർത്താവ് അബ്ദുർ റഹ്മാൻ ഒന്നരവർഷം മുമ്പാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഇതിന് ശേഷം യുവതി ചെട്ടുംകുഴിയിലെ സ്വന്തം വീട്ടിൽ താമസിച്ച് വരികയായിരുന്നു.