‘ എന്റെ മണ്ണ് എന്റെ രാജ്യം ‘ പരിപാടിയുടെ ഭാഗമായി അമൃത കലശ് യാത്ര നടത്തി
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി വീരമൃത്യു വഹിച്ച ജവാന്മാരോടുള്ള ആദര സൂചകമായി രാജ്യ തലസ്ഥാനത്ത് അമൃത ഉദ്യാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേരി മട്ടി മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം ) പ്രോഗ്രാമിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി മംഗല്പാടി പഞ്ചായത്തില്‍ നെഹ്റു യുവകേന്ദ്ര കാസര്‍കോടും ബ്രദേര്‍സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് മണിമുണ്ട സംയുക്തമായി മണിമുണ്ട ഇംഗ്ലീഷ് മീഡിയം സ്കൂളുമായി സഹകരിച്ച് അമൃത കലശ് യാത്ര സംഘടിപ്പിച്ചു. കാസര്‍കോട് നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രദേര്‍സ് മണിമുണ്ട ക്ലബ് പ്രസിഡന്റ് മുഹമ്മദ് അസീം മണിമുണ്ട അധ്യക്ഷത വഹിച്ചു. മണിമുണ്ട എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഹസ്സന്, ക്ലബ് അംഗങ്ങളായ ഇദ്രിസ് മുഫീദ്, ശിഹാബ് എന്നിവര്‍ സംസാരിച്ചു. മണിമുണ്ട ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡി.ദിവ്യ സ്വാഗതവും അബ്ദുല്‍ ലത്തീഫ് ആദം നന്ദിയും പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും നിന്ന് മണ്ണ് ശേഖരിച്ച് വൊളണ്ടിയേഴ്സ് മുഖേന രാജ്യ തലസ്ഥാനത്ത് ഒക്ടോബറില്‍ എത്തി ചേരുന്ന രീതിയിലാണ് പ്രോഗ്രാം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ പരിസരത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ യത്നം നടത്തി.