കാസര്‍കോട് വീണ്ടും കണ്ണൂര്‍ സ്ക്വാഡ് രീതിയിലുള്ള മോഷണ ശ്രമം: പോലീസ് നല്കുന്ന വിവരങ്ങള്‍ സിനിമാ കഥയോട് സാമ്യമുള്ളത്
ബദിയടുക്ക: കാസര്‍കോട്ടെ അധ്യാപകന്റെ പെര്‍ള ബെദിരംപള്ളയിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് ഗവ. ഹൈസ്കൂളിലെ സാമൂഹ്യവിഭാഗം അധ്യാപകനായ റഹ്മാന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് കവര്‍ച്ചാശ്രമം നടന്നത്. പുലര്‍ച്ചെ 1.42ന് മൂന്നുപേര്‍ ബെദിരംപള്ളയിലെ വീട്ടിലേക്ക് മതില്‍ചാടി അകത്തുകടക്കുന്നതും ഒരാള്‍ വീടിന്റെ മുന്‍വശത്തും രണ്ടുപേര്‍ പിറക്വശത്തും നില്ക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.അതിന് ശേഷം ഒരാള്‍ വാതില്‍ കുത്തിത്തുറന്ന് അകത്തേക്ക് കയറുന്നതും രണ്ടുപേര്‍ പുറത്തുനില്ക്കുന്നതും ദൃശ്യത്തില്‍ കാണാമായിരുന്നു. രണ്ടുക്യാമറകളില് ഒന്ന് തിരിച്ചുവെക്കുന്നതും ദൃശ്യത്തിലുണ്ട്. മൂന്നുപേരും മുഖംമൂടിക്ക് പുറമെ ഗ്ലൗസ് ധരിക്കുകയും ചുമലില്‍ ബാഗുകള്‍ തൂക്കിയിടുകയും ചെയ്തിരുന്നു. ഒരു മണിക്കൂര്‍ നേരമാണ് മോഷ്ടാക്കള്‍ ബെദിരംപള്ളയിലെ വീട്ടില്‍ ചെലവഴിച്ചത്. ബെദിരംപള്ള പള്ളിക്ക് സമീപത്ത് കൂടി ഇവര്‍ നടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്. അധ്യാപകന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്ക് മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു. സി.സി.ടി.വി അധ്യാപകന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇതിലൂടെ ദൃശ്യങ്ങള്‍ കണ്ട അധ്യാപകന് വിവരം പൊലീസില്‍ അറിയിക്കുകയും പൊലീസ് വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷം മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.