ഗൾഫിൽ നിന്ന് കൊടുത്തുവിട്ട സ്വർണ്ണം ഉടമസ്ഥർക്കു കൊടുക്കാതെ പറ്റിച്ചെന്ന ആരോപണം നേരിടുന്ന യുവാവിനെയും സുഹൃത്തിനെയും കാറിടിച്ചു വീഴ്ത്തി
കാസർകോട്: ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണ്ണം ഉടമസ്ഥർക്കു കൊടുക്കാതെ പറ്റിച്ചെന്ന ആരോപണം നേരിടുന്ന യുവാവിനെയും സുഹൃത്തിനെയും കാറിടിച്ചു വീഴ്ത്തി. കാസർകോട് ചൂരി സ്വദേശികളായ യുവാക്കളാണ് അക്രമത്തിനു ഇരയായത്.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണ്. ഇവരിൽ നിന്നു മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചൂരിയിലാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഇന്നോവ കാറിലെത്തിയ രണ്ടു പേർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറ്റൊരു ഇരു ചക്രവാഹനത്തിലുമിടിച്ചു.ഈ വാഹനത്തിലെ യാത്രികന്റെ കൈയെല്ലു പൊട്ടിയതിനെ തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം റോഡിനു കുറുകെയിട്ട് വഴി തടസ്സപ്പെടുത്തിയപ്പോഴാണ് കാർ സ്കൂട്ടറിൽ ഇടിച്ചതെന്നു സംഭവത്തിനു ശേഷം കാറുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുവാവ് പൊലീസിനു മൊഴി നൽകി. യഥാർത്ഥ്യമെന്തെന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിലുണ്ടായിരുന്ന ഒരാളെ നേരത്തെ തട്ടി കൊണ്ടുപോയി മർദ്ദിച്ച സംഭവവും ഉണ്ടായിരുന്നു. അതിനു പിന്നിലും കഴിഞ്ഞ ദിവസം കാറിൽ സഞ്ചരിച്ചിരുന്നവരായിരുന്നുവെന്ന് യുവാവ് ആരോപണം ഉയർത്തിയിരുന്നു.