ട്രെയിനുകളിൽ രാത്രി സമയങ്ങളിൽ മോഷണം;യുപി സ്വദേശികളായ രണ്ടുപേർ പിടിയിൽ
മംഗളുരു: മംഗളൂരു ഗോവ കൊങ്കൺ റൂട്ടിൽ ട്രെയിനുകളിൽ രാത്രി സമയങ്ങളിൽ ഉറങ്ങി
കിടക്കുന്ന യാത്രക്കാരുടെ സ്വർണാഭരണങ്ങളടക്കമുള്ളവ കവരുന്ന വൻ കവർച്ചാ സംഘം
ഒടുവിൽ പിടിയിലായി. ഉത്തരപ്രദേശ് മിർസാപൂർ സ്വദേശികളായ അഭയാജ് സിങ്ങ് (26),
ഹരിശങ്കർ ഗിരി(25) എന്നിവരാണ് മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആപിഎഫിന്റെ
പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി നിത്യവും ട്രെയിനിൽ മോഷണം നടന്നിരുന്നു. ഇതേ തുടർന്ന്
ആർപിഎഫ് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും
സംയുക്തമായി അന്വേഷണ സംഘം രൂപീകരിച്ച് കള്ളന്മാരെ തെരഞ്ഞിരുന്നു. തിങ്കളാഴ്ച
സംയുക്ത സംഘം മംഗളുരു ജങ്ക്ഷൻ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുപി
സ്വദേശികളായ രണ്ടുപേരെ സാഹസികമായി പിടികൂടിയത്. ഇവരിൽ നിന്നും മോഷണ മുതലായ
ആറരലക്ഷത്തോളം രൂപ വിലവരുന്ന 16 പവൻ സ്വർണാഭരണവും പിടിച്ചെടുത്തു. ഒമ്പത് സ്വർണ്ണ
ചെയിനുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മോഷണം നടത്തുന്നതിനായി വിമാനം മാർഗം
ഉത്തർപ്രദേശിൽ നിന്നും ഗോവയിൽ എത്തുകയും അവിടെ നിന്നും തിരുവന്തപുരം വരെയും
തിരിച്ചും രാത്രി ട്രെയിനുകളിൽ യാത്ര ചെയ്തു മോഷണം നടത്തിവരികയുമായിരുന്നു രീതി. ഇവർ
ഇന്ത്യയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിരുന്നുവെന്നും
അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ പ്രതികളെ തുടർ നടപടികൾക്കായി മംഗളൂരു
റെയിൽവേ പൊലീസിന് കൈമാറി. ആപിഎഫ് ക്രൈം ഇൻസ്പെക്ടർ എ കേശവദാസ്, മംഗളുരു
ജങ്ഷൻ ആപിഎഫ് ഇൻസ്പെക്ടർ മനോജുമാർ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള
പ്രത്യകസംഘത്തിൽ ഭൂരിഭാഗവും മലയാളി ഉദ്യോഗസ്ഥരായിരുന്നു. പ്രത്യേക സംഘാങ്ങൾക്ക് 5000
രൂപയുടെ പ്രത്യേക റിവാർഡും ആർപിഎഫ് ഐജി പ്രഖ്യാപിച്ചു.