സിപിഎം ആർഎസ്എസിന്റെ ‘എ ടീം’; സംഘികൾക്ക് മാത്രമല്ല കാവി കമ്മ്യൂണിസ്റ്റുകാർക്കും തട്ടം കാണുമ്പോൾ അലർജിയെന്ന് എംഎസ്എഫ് നേതാവ്
സ്ത്രീകൾ തട്ടം മാറ്റി തുടങ്ങിയത് സിപിഎം കേരളത്തിൽ വളരുന്നതിന്റെ സൂചനയാണെന്ന സിപിഎം നേതാവ് കെ അനിൽ കുമാറിന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി എം എസ് എഫ് നേതാവ് ഫാത്തിമ തഹിലിയ. സിപിഎം ഇസ്ലാമോഫോബിയ പേറുന്നവരാണെന്നും തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റുൾക്ക് കൂടിയാണെന്നും ഫാത്തിമ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂക്ഷവിമശനം.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എസൻസ് ഗ്ളോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാർ വിവാദ പരാമർശം നടത്തിയത്. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണ്. ഇത് വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായി തന്നെയാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നായിരുന്നു അനിൽകുമാർ പരിപാടിയിൽ പറഞ്ഞത്.