മംഗളുരു: സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ വീണ്ടും ജീവപര്യന്തം. കാസര്‍ഗോഡ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചു കൊന്ന കേസിലാണ് ഇപ്പോള്‍ മംഗളുരു ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി പിന്നീട് ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്കി കൊല്ലും. ഇതാണ് ഇയാളുടെ രീതി.
മൊത്തം 20 യുവതികളെയാണ് മോഹന്‍ കുമാര്‍ സയനൈഡ് നല്കി കൊലപ്പെടുത്തിയത്. സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരി ആയിരുന്ന കാസര്‍കോട് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണു വിധി പറയാന്‍ ബാക്കിയുള്ളത്. ഇയാള്‍ക്ക് 5 കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരു കേസില്‍ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2 കേസുകളില്‍ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷ വിധികളില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.
ആരതി വധത്തില്‍ ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതല്‍ 10 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ആരതിയുടെ ആഭരണങ്ങള്‍ അമ്മയ്ക്ക് കൈമാറാനും ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കര്‍ണാടക നിയമ പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം തിട്ടപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.