ലക്ഷങ്ങൾ വിലയുള്ള നിരോധിത പാൻമസാല പിടികൂടി; കാസർകോട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
നീലേശ്വരം: ലക്ഷങ്ങൾ വിലവരുന്ന പാൻമസാല ശേഖരം പിടികൂടി. നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ. പ്രേംസദനും സംഘവുമാണ് ഇവ പിടികൂടിയത്. കർണാടകയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്ന 26,865 പാക്കറ്റ് പാൻമസാലയാണ് കാറിൽനിന്ന് പിടിച്ചെടുത്തത്.
കാസർകോട് ചെട്ടംകുഴി സ്വദേശികളായ മുഹമ്മദ് അസുറുദ്ദീൻ (27), നാസിം (29) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നടത്തിവരുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്ന സമയത്ത് മാർക്കറ്റ് ജങ്ഷനിൽ നിർത്താതെ പോയ കാർ പിന്തുടർന്ന് പള്ളിക്കരയിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പാൻ മസാലകൾ കണ്ടെത്തിയത്.