ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ
കൊച്ചി: ഏഴു മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് നീക്കം ചെയ്തു. കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്നുമാണ് ശസ്ത്രക്രിയയിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്തത്.കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ബൾബ് പുറത്തെടുത്തത്.
നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് വിദഗ്ഗ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളിൽ ചുവന്ന നിറത്തിലുള്ള എൽഇഡി ബൾബ് കിടക്കുന്നത് കണ്ടത്. കളിപ്പാട്ടത്തിൽ നിന്നാകാം ബൾബ്
കുഞ്ഞിന്റെയുള്ളിലെത്തിയതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. പിഞ്ചു കുഞ്ഞുങ്ങൾ കളിപ്പാട്ടങ്ങൾ വായിലിടുമ്പോൾ ഇതിന് സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.