ഷാനു കൊലക്കേസ് ;പ്രതിയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലയെന്ന് സംശയം
കാസർകോട്: കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച
നിലയിൽ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുൽ റഷീദ് എന്ന സമൂസ റഷീദിന്റെ(38)
മൃതദേഹമാണ് കുമ്പള ഐ.എച്ച്.ആർ.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ
കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. കാസർകോട്ടെ ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്.
തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട് ആദ്യം കണ്ടത്.
തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ അമ്പത് മീറ്റർ അകലെ കുറ്റിക്കാട്ടിൽ ഒരാളുടെ
മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു
മൃതദേഹം. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കുമ്പള പൊലിസ് എത്തി അന്വേഷണം ആരംഭിച്ചു.
കൊലയാണെന്നാണ് പൊലിസിന്റെ പ്രാഥമീക നിഗമനം. കൊലചെയ്ത ശേഷം
വലിച്ചിഴച്ചുകൊണ്ടുപോയ പാടുകളും രക്തക്കറകളും സ്ഥലത്തുണ്ട്. നിരവധി കേസിൽ പ്രതിയായ
യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന്
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. 2019 ലാണ് പ്രമാദമായ
ഷാനു കൊലക്കേസ് നടന്നത്. കാസർകോട് നായ്ക്സ് റോഡിന് സമീപത്തെ ആൾ താമസമില്ലാത്ത
പറമ്പിലെ കിണറ്റിൽ ഷാനുവിനെ കൊന്നു തള്ളുകയായിരുന്നു. ഷാനുവിനെ കഴുത്തറുത്താണ്
കൊലപ്പെടുത്തിയത്. ലഹരി മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ
കലാശിച്ചത്. തുടർന്ന് കാസർകോട് ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ റഷീദ് അടക്കം
നാലുപ്രതികളെ അറസ്റ്റുചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി കാസർകോട് വിദ്യാനഗറിലെ
വാടക ക്വാട്ടേഴ്സിലാണ് താമസം. കേസിൽ അടുത്തീയിടെയാണ് പൊലീസ് കേസിൽ കുറ്റപത്രം
സമർപ്പിച്ചത്. റഷീദിനെതിരെ കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി
കേസുകളുണ്ട്. മുഹമ്മദലിയുടെയും സൈറുന്നീസയുടെയും മകനാണ്. റമീസ്, ഹാജിറ എന്നിവർ
സഹോദരിമാരാണ്.