ജ്വല്ലറി കവർച്ച; 25 കോടിയുടെ സ്വർണം കവർന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
ഡൽഹി ജ്വല്ലറി കവർച്ച കേസിൽ നിർണായക നടപടിയുമായി പൊലീസ്. ഛത്തീസ്ഗഡിൽ നിന്ന് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യതലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്ന് 25 കോടിയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത കുറ്റവാളികളിൽ ഒരാൾ കൊടും കള്ളനാണെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മോഷണം പോയ സാധനങ്ങൾ എവിടെയാണെന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വർണാഭരണങ്ങൾ കണ്ടെടുക്കാൻ പൊലീസ് ചിലയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
ഭോഗൽ പ്രദേശത്തെ ഉംറാവു ജ്വല്ലേഴ്സിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 25 കോടിയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച അവധിയായതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് സ്ഥാപനം പൂട്ടിപ്പോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് ഉള്ളില്‍ പ്രവേശിച്ച് കവര്‍ച്ച നടത്തിയിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു. ജ്വല്ലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ നിലയിലായിരുന്നു.