മുഖ്യമന്ത്രിക്കു പറക്കാൻ ഹെലികോപ്റ്റർ എത്തി; കന്നിയാത്ര കാസർകോട്ടേക്ക്; 20 മണിക്കൂർ പറക്കാൻ വാടക 80 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കും പൊലീസിന്റെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹെലികോപ്റ്റർ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ ഇറങ്ങിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്റ്റർ.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി ഹെലികോപ്റ്റർ വാടകക്കെടുത്തിരിക്കുന്നത്. ഓരോ മാസവും 20 മണിക്കൂർ പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. 11 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ളതാണ് ഹെലികോപ്റ്റർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നു. എന്നാൽ കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ലെന്നു ആരോപണം ഉയർന്നു. അതിനാൽ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഹെലികോപ്റ്ററിന്റെ കന്നിയാത്ര ഈ മാസം 23ന് നടക്കുമെന്നാണ് സൂചന. അന്ന് മുഖ്യമന്ത്രി പിണറായി വിജയന് കാസർകോട് ജില്ലയിൽ അഞ്ചു പരിപാടികളാണുള്ളത്