നിരവധി കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
കാസർകോട്: കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധികളിലടക്കം നിരവധി കവർച്ച
നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കന്യാകുമാരി അഗതീശ്വരത്തെ ഉമേശ് എന്ന
ഉമേശ് ബളഗാറി(47)നെയാണ് മംഗളൂരു ബെൽത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം
ചെയ്യലിൽ കാസർകോട്, കുമ്പള, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ കവർച്ച
നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തമിഴ്നാട്-ആന്ധ്രാപ്രദേശ് കർണ്ണാടക
സംസ്ഥാനങ്ങളിലും നിരവധി കവർച്ച നടത്തിയതായും മൊഴി നൽകി.ഇക്കഴിഞ്ഞ ആഗസ്ത് 12ന്
ഉജിറെ. അജിത് നഗറിലെ ഫെലിക്സ് റോഡ്രിഗസിന്റെ വീട്ടിൽ നിന്നു 173 ഗ്രാം സ്വർണ്ണവും 35,000
രൂപയും കവർച്ച ചെയ്ത കേസിൽ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് മററു കേസുകളെ
സംബന്ധിച്ച വിവരങ്ങൾ കൂടി പുറത്തു വന്നത്. പതിനാലാമത്തെ വയസിൽ മോഷണമാരംഭിച്ച
ഉമേശ നേരത്തെ നിരവധി തവണ അറസ്റ്റിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും
ചെയ്തിട്ടുണ്ട്. പകൽ നേരങ്ങളിൽ തുണി വിൽപ്പനക്കാരനെന്ന വ്യാജേന വീടുകളിൽ
എത്തുകയാണ് പതിവ്. ഇതിനിടയിൽ ആൾ താമസമില്ലാത്ത വീടു നോക്കി വയ്ക്കുകയും
രാത്രിയിലെത്തി കവർച്ച നടത്തി അയൽ സംസ്ഥാനങ്ങളിലേയ്ക്ക് രക്ഷപ്പെടുകയുമാണ്
രീതിയെന്ന് പൊലീസ് പറഞ്ഞു. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ഇയാളെ
പിടികൂടുന്നതിന് തടസ്സമായതായി പൊലീസ് പറഞ്ഞു