ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടെ എൻസിആർബിയുടെ പേരിൽ വ്യാജ സന്ദേശം; 16കാരൻ ജീവനൊടുക്കി
കോഴിക്കോട്: നിയമനടപടി നേരിടുമെന്ന് വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെ കോഴിക്കോട് 16കാരൻ ജീവനെടുക്കി. നാഷണൽ ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ പേരിലാണ് വ്യജ സന്ദേശം കിട്ടിയത്. ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടെ 33000രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും പറഞ്ഞാണ്. നാഷണൽ ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) പേരിൽ സന്ദേശമെത്തിയത്. ചേവായൂർ സ്വദേശി ആദിനാഥാണ് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടിയുടെ മരണത്തിന് ഓൺലെെൻ തട്ടിപ്പ് സംഘങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു.
കുട്ടി എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് സന്ദേശത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഒരു വെബ്സെെറ്റിൽ നിന്ന് പൊലീസിന്റെ സന്ദേശം ലഭിച്ചെന്നും പിഴയടക്കണമെന്നും കേസുണ്ടെന്നും അതിലുണ്ടെന്നും ലാപ്ടോപ്പിൽ സിനിമ കണ്ടതല്ലാതെ തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും കുട്ടിയുടെ കത്തിലുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പൊലീസ് വീട്ടിലെത്തി കുട്ടിയുടെ ലാപ്ടോപ്പ് പരിശോധിച്ചു. ലാപ്ടോപ്പ് ഓഫായിരുന്നില്ല. ഇതിൽ ഒരു വെബ്സെെറ്റിൽ ലാപ്ടോപ്പ് ലോക്ക് ചെയ്യപ്പെട്ടുവെന്നും പിഴയടച്ചില്ലെങ്കിലും ലാപ്ടോപ്പ് അൺലോക്ക് ചെയ്യാൻ ശ്രമിച്ചാലും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുമെന്നും എഴുതിയിരുന്നു. വർഷങ്ങളോളം തടവിൽ കഴിയേണ്ടിവരുമെന്നടക്കം അതിൽ എഴുതിയിരുന്നതായാണ് വിവരം. ചേവായൂർ പൊലീസും സെെബർ പൊലീസും സമാന്തരമായി കേസ് അന്വേഷിക്കുന്നുണ്ട്.