87 ലക്ഷം വിലമതിക്കുന്ന സ്വർണ്ണം മംഗളൂരു വിമാനത്താവളത്തിൽ നിന്ന് പിടികൂടി; നാലു പേർ അറസ്റ്റിൽ
മംഗളൂരു; 4 പേരിൽ നിന്നായി 87 ലക്ഷം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണ്ണം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആദ്യ കേസിൽ 10.54 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനാണ് പിടിയിലായത്. സെപ്തംബർ 27ന് ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 176 ഗ്രാം സ്വർണ്ണം കണ്ടെത്തി. എയർപോഡുകൾ, മൊബൈൽ ഫോൺ ചാർജർ, റിസ്റ്റ് വാച്ച് എന്നിവയിലാണു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ദുബായിൽ നിന്നും അബുദാബിയിൽ നിന്നും മംഗലാപുരത്തേക്ക് സെപ്റ്റംബർ 26, 27 തീയതികളിൽ വിവിധ വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരെയും സ്വർണ്ണം കടത്തിയതിന് പിടികൂടി. ഗ്രീൻ ചാനൽ വഴി പുറത്തിറങ്ങിയ യാത്രക്കാരാണ് പിടിയിലായത്. സംശയത്തെ തുടർന്ന് ഇവരുടെ ബാഗുകളും, കാർട്ടൺ ബോക്സുകളും പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. ഇവരിൽ നിന്ന് 76,50730 രൂപ വിലമതിക്കുന്ന 1273 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ്ണമാണ് കണ്ടെടുത്തത്. ക്യാംളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചും, എയർ പോഡുകൾ, ടോയ് സ്കൂട്ടറിന്റെ ഉയരം ക്രമീകരിക്കാവുന്ന പൈപ്പ് എന്നിവയിൽ ഒളിപ്പിച്ചുമായിരുന്നു സ്വർണ്ണം കൊണ്ട് വന്നത്.