ബൈക്ക് അടിച്ചുതകർത്തു; ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ചുകൊന്നു, പൊലീസിൽ കീഴടങ്ങി
കൊച്ചി: ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് അടിച്ചുതകർത്തതിനെ ചൊല്ലിയുള്ള തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.
തോമസ് വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മുമ്പ് പോൾസൺ അടിച്ചുതകർത്തിരുന്നു. പിന്നാലെ തോമസ് പൊലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടയിൽ പ്രതി സഹോദരനെ എയർഗൺ കൊണ്ട് വെടിവയ്ക്കുകയായിരുന്നു.
തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. എയർഗൺ ഇവരുടെ പിതാവ് ജോസഫിന്റേതാണെന്നാണ് സൂചന. ജോസഫും മക്കളും മാത്രമാണ് വീട്ടിൽ താമസം. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് തോമസ്. പോൾസണ്‍ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സഹോദരി പ്രതികരിച്ചു. ഇയാൾ കാൻസർ രോഗിയാണ്.