ബലാത്സംഗത്തിനിരയായ 12കാരി ചോരയൊലിപ്പിച്ച് നടുറോഡിൽ; തിരിഞ്ഞു നോക്കാതെ നാട്ടുകാർ ആട്ടിപ്പായിച്ചു;സിസിടിവി ദൃശ്യങ്ങൾ
ഉജ്ജയിൻ: ബലാത്സംഗത്തിനിരയായ 12കാരി അർദ്ധനഗ്നയായി ചോരയൊലിപ്പിച്ച് വീടുകളുടെ വാതിൽ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാരുടെ ക്രൂരത. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ സംഭവം. സഹായം ചോദിച്ച് ചോരയൊലിപ്പിച്ച പെൺകുട്ടി ഓരോ വീടുകളിലും കയറിയിറങ്ങുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പലരും പെൺകുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്.
ഉജ്ജയിനിൽ നിന്ന് 15 കിലോ മീറ്റർ അകലെയുള്ള ബാദ്നഗർ റോഡിലാണ് സംഭവം. കുട്ടി സഹായം ചോദിച്ച് ഓരോ വീടുകളും കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. തെരുവുതോറും അലഞ്ഞ കുട്ടിയെ സഹയിക്കാൻ ആരും എത്തിയില്ല. തുടർന്ന് ഒരു ആശ്രമത്തിൽ എത്തുകയും അവിടെയുള്ള ഒരു പൂജാരി കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി.
കുട്ടിയുടെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇൻഡോറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. രക്തം ആവശ്യമായി വന്നപ്പോൾ പൊലീസ് ഇടപെട്ടാണ് എത്തിച്ചുനൽകിയത്. കുട്ടിയുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
സംഭവത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
‘പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എത്രയും പെട്ടെന്ന് അവരെ കണ്ടെത്തും. വൈദ്യ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ സമീപിക്കണം’- ഉജ്ജയിൻ ജില്ലാ പൊലീസ് മേധാവി സച്ചിൻ ശർമ്മ പറഞ്ഞു.
കുട്ടിയുടെ സ്വദേശത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അതേ കുറിച്ച് ഒന്നും പറയുന്നില്ലെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ ഭാഷാശൈലിയിൽ നിന്നും പൊലീസ് മനസിലാക്കിയത് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണെന്നാണ്.