തൊട്ടില്‍പ്പാലം എം.ഡി.എം.എ കേസ്: ദമ്പതിമാരുടെ വാടകവീട്ടിൽ പരിശോധന, കാറും പാസ്പോര്‍ട്ടുകളും കസ്റ്റഡിയിൽ
വടകര: തൊട്ടില്പ്പാലത്തിനുസമീപം 96.44 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ ദമ്പതിമാരുടെ വാടകവീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചെറിയ അളവുതൂക്ക യന്ത്രവും പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. എം.ഡി.എം.എ. ചെറിയ അളവില്തൂക്കാനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നതാണ് ഇവയെന്ന് സംശയമുണ്ട്.
അറസ്റ്റിലായ പതിയാരക്കരയിലെ മുതലോളി വീട്ടില്‍ ജിതിന്‍ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരുടെ പാസ്പോര്ട്ടുകള്, സ്റ്റെഫിയുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.
നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ചൊവ്വാഴ്ച രാവിലെ 10.30-നാണ് മേമുണ്ടയിലെ വാടകവീട്ടില്‍ പരിശോധനയ്ക്കെത്തിയത്.
പരിശോധന ഉച്ചവരെനീണ്ടു. പ്രതികളെ കസ്റ്റഡിയില്‍വാങ്ങാന്‍ ബുധനാഴ്ച പോലീസ് കോടതിയില്‍ അപേക്ഷസമര്പ്പിക്കും. പരിശോധനയില്‍ എസ്.ഐ. ജയന്, എ.എസ്.ഐ മാരായ അനില്‍, മനോജ് രാമത്ത്, സീനിയര്‍ സി.പി.ഒ. ലതീഷ്, നിതില്‍ കുമാര്‍, രജീഷ് കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.