ജപ്തി നോട്ടീസിൽ ആത്മഹത്യാ ശ്രമം; കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബം അവശനിലയിൽ
തൃശൂർ: കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന.
ഈ കുടുംബം സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുൽ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്.