നബിദിനം; സംസ്ഥാനത്തെ പൊതു അവധി സെപ്റ്റംബർ 28-ന്
തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി സെപ്റ്റംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഉൾപ്പടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.
അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിമും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നേരത്തെ സെപ്റ്റംബര്‍ 27നാണ് നബിദിനം അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് ആയിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധി മാറ്റണമെന്ന ആവശ്യം ഉയർന്നുവന്നത്.
കേരള മുസ്ലീം ജമാഅത്ത് കൌൺസിലും സെപ്റ്റംബർ 28ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം സെപ്റ്റംബർ 28ന് ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും നേരത്തെ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു.