ലഹരിയെ പ്രതിരോധിക്കാന്‍ ജനങ്ങളും അണിനിരക്കണം ; എം.രാജഗോപാലന്‍ എം.എല്‍.എ
വിമുക്തി മിഷന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലതല ഏകദിന ക്യാമ്പ് നടത്തി
കാസര്‍കോട്: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. വിമുക്തി മിഷന്റെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലതല ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനവും പുരോഗതിയും മികച്ച രീതിയില്‍ നടക്കണമെങ്കില്‍ ആരോഗ്യമുളള ജനതയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീളയുടെ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന് വിഷയം അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ, നിലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ശാന്ത, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്ന കുമാരി, വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം.സ്നേഹ എന്നിവര്‍ സംസാരിച്ചു. പോലീസ്, വിദ്യാഭ്യാസം, ശിശുക്ഷേമം വകുപ്പിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍, ട്രേഡ് യൂണിയന്, സര്‍വ്വീസ് സംഘടന, യുവജന സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറ് പേര് ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുത്തവര്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി. ലഹരി വ്യാപനത്തിനെതിരെ നടത്തേണ്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. എക്സൈസ് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ദിലീപ് സ്വാഗതവും റേഞ്ച് ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍ നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് നിയോജക മണ്ഡലതലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറും