എംഡിഎംഎ കൈവശം വയ്ക്കുകയും വിദ്യാർഥികൾക്ക് വിൽപന നടത്തുകയും ചെയ്ത രണ്ടുപേർ
അറസ്റ്റിൽ
മംഗളൂരു : എംഡിഎംഎ കൈവശം വയ്ക്കുകയും വിദ്യാർഥികൾക്ക് ഉൾപ്പെടെ വിൽപന നടത്തുകയും ചെയ്ത 2 പേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പിനങ്ങാടി തെക്കരു സ്വദേശി പി.എസ്.അബ്ദുൾ അസീസ് (31), സൂറത്കൽ കാട്ടിപ്പള്ള സ്വദേശി അക്ഷിത് കുമാർ (26) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ പക്കൽ നിന്ന് 1,75,000 രൂപ വില വരുന്ന 35 ഗ്രാം എംഡിഎംഎ, 2 മൊബൈൽ ഫോൺ, ഡിജിറ്റൽ വെയ്റ്റ് സ്കെയിൽ എന്നിവ പിടിച്ചെടുത്തു. ഇവർക്ക് എതിരെ മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാളായ അബ്ദുൾ അസീസിന് എതിരെ ഉപ്പിനങ്ങാടി, വിട്ല, ഉർവ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് 3 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 15 ദിവസം മുൻപ് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു.