തളങ്കര സ്വദേശിയുടെ 13 ലക്ഷം,തെക്കിൽ സ്വദേശിയുടെ 1.30 ലക്ഷം, ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം നഷ്ടമായി
കാസർകോട്: ഓൺലൈൻ ട്രേഡിങ്ങ്, പാർട്ട് ടൈം ജോലി എന്നിവയുടെ മറവിൽ പണം തട്ടിയെടുക്കുന്നുവെന്ന പരാതികളിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനിടെ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് പലരിൽ നിന്നുമായി സംഘം തട്ടിയെടുത്തത്
കാസർകോട് തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടമായി. മൂവി പ്ലാറ്റ്ഫോം എന്ന കമ്പനിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകിയാണ് രൂപ തട്ടിയെടുത്തത്.ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്സാപ്പിലൂടെ നിക്ഷേപത്തിൽ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചാണ്. സമാനമായ രീതിയിൽ ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി. വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഓൺലൈൻ ട്രേഡിങ്ങ് കാണിച്ചാണ് പണം പോയത്. ട്രേഡിങ്ങ് ലിങ്കിൽ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് ബാര സ്വദേശിയുടെ 99999 രൂപ നഷ്ടപ്പെട്ടു. തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക വഴിയാണ് തട്ടിപ്പിനിരയായത്. പൊലീസ് നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് പലർക്കും പണം നഷ്ടമാകാൻ പ്രധാന കാരണം.