ഇന്ത്യ-കാനഡ തർക്കം രൂക്ഷമാകുന്നു; ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
ഡൽഹി: ഇന്ത്യ- കാനഡ തർക്കം രൂക്ഷമാകുന്നു. ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ വ്യക്തമാക്കി. എന്നാൽ തെളിവുകൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കാനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനഡയിലെ ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും കാനഡ അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള പ്രശ്ന പരിഹാരത്തിന് അനുനയനീക്കവുമായി അമേരിക്ക രംഗത്തെത്തി.
അതേസമയം കാനഡക്കെതിരായ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് നടത്തിയ വാർത്താ സമ്മേളനത്തിൽ കാനഡക്കെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. ഭീകരവാദത്തിന്റെ മണ്ണായി കാനഡ മാറി. നിരവധി ഭീകരവാദികൾ കാനഡയിലേക്ക് കുടിയേറുന്നു, അവിടെ അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇതിന് പിന്നാലെയാണ് വിസ സേവനങ്ങൾ താത്കാലികമായി നിർത്തുന്ന തരത്തിലേക്ക് ഇന്ത്യ കടന്നത്.
ഖലിസ്ഥാൻ അനുകൂലരുടെ അഭിമുഖങ്ങളോ അവർക്ക് വേദി നൽകുന്ന പ്രവണതയോ പാടില്ലെന്ന് മാധ്യമങ്ങൾക്ക് വാർത്താ വിതരണ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് ഫോർ സിഖ് നേതൃത്വത്തിൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തുന്നുവെന്ന വാർത്ത പുറത്തു വന്നിട്ടുണ്ട്. ഈ മാസം 25നാണ് ഇവർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ്, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ കനത്ത പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.