ഉപ്പിന്റെ അളവുകൂടിയാൽ രുചിയെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും; ഉപ്പിന്റെ ഗുണങ്ങളും ദോഷങ്ങളും
ആയുർവേദത്തിൽ കറിയുപ്പിനെക്കുറിച്ചും മറ്റുതരം ഉപ്പുകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. രസങ്ങളിൽ ലവണ വർഗത്തിലാണ് ആയുർവേദം ഉപ്പിനെക്കുറിച്ച് വിവരിക്കുന്നത്. ആഹാരത്തിന് രുചി വേണമെങ്കിൽ കറിയുപ്പ് പ്രധാന ഘടകമാണ്. മാത്രമല്ല ചിലതരം ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കുന്നു. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്.
രക്തസമ്മർദം ശരിയായ രീതിയിൽ നിലനിർത്തുന്നതിൽ സോഡിയം പ്രധാന ഘടകമാണ്. ഹൃദയം, പേശികൾ, നാഡികൾ എന്നിവയുടെ പ്രവർത്തനത്തിലും സോഡിയത്തിന് പ്രധാന പങ്കുണ്ട്.
ക്ലോറൈഡിന്റെ അംശം ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. മാത്രമല്ല, ദഹനത്തെ സഹായിക്കുന്നു. ഉപ്പ് ഉഷ്ണവീര്യമേറിയതും തീക്ഷണവുമാണ്. രുചി പ്രദാനം ചെയ്യുന്ന ഉപ്പ് ദീപനശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.
അമിതോപയോഗം അപകടം
എല്ലാ വിധത്തിലും ശരീരത്തിന് അത്യന്താപേക്ഷിതമായ ഘടകമാണെങ്കിലും കറിയുപ്പിന്റെ അമിതോപയോഗം ദോഷം ചെയ്യും. ഉപ്പ് കൂടുതൽ കഴിച്ചാൽ ഛർദിയും വയറിളക്കവും വരാം. ശരീരം കൂടുതൽ തടിച്ചുവരും. ശരീരത്തിൽ നീരും വരും. ത്വഗ്രോഗങ്ങളും ഉണ്ടാകും.
ഉപ്പ് കൂടുതലായി കഴിക്കുന്നത് രക്തവാതം ഉണ്ടാകാൻ കാരണമായേക്കും. ഉപ്പ് കൂടിയ അളവിൽ ദീർഘകാലം ഉപയോഗിച്ചാൽ അകാലനര, അകാല വാർധക്യം എന്നിവ ബാധിക്കും. കറിയുപ്പ് കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന്റെ ഓജസ്സ് നശിക്കുകയും ശരീരം ക്ഷയിക്കുകയും ചെയ്യുന്നു.