ചുരത്തിൽ ട്രോളി ബാഗിൽ കണ്ടെത്തിയ മൃതദേഹം ആരുടേത്? കാണാതായ രമ്യ അടക്കമുള്ളവർക്കായി തെരച്ചിൽ, ഇരുപതുകാരിയെപ്പറ്റിയും അന്വേഷണം
കണ്ണൂർ: കേരളകർണാടക അതിർത്തിയായ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കണ്ണവത്തേക്കും വ്യാപിപ്പിച്ചു. ഇതുവരെ കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ കണ്ണവത്ത് നിന്ന് കാണാതായ യുവതിയാണോയെന്ന സംശയത്തിലാണ് അന്വേഷണസംഘം.
കൊല്ലപ്പെട്ടത് 25നും 30നും ഇടയിൽ പ്രായമുള്ള യുവതിയാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തലശ്ശേരി മൈസൂർ അന്തർ സംസ്ഥാനപാതയിലെ മാക്കൂട്ടം ചുരത്തിൽ യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുടക് ജില്ലയിൽ നിന്ന് കാണാതായ നാല് യുവതികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാൽ മൃതദേഹം ഇവരുടേതല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസിന്റെ സംശയം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ യുവതിയിലേക്ക് തിരിഞ്ഞത്.
വിരാജ്പേട്ട റൂറൽ സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണവത്ത് യുവതിയുടെ വീട്ടിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. ഡി.എൻ.എ പരിശോധനയ്ക്കായി അമ്മയുടെ രക്ത സാമ്പിൾ ശേഖരിച്ചു. ഇതിനിടെ ഊട്ടിയിൽ നിന്ന് നിന്ന് കാണാതായ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി രണ്ടാഴ്ച മുൻപ് സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ പെരുമ്പാടി വഴി കടന്നുപോയ വാഹനങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് സംശയത്തിന് കാരണം.