ചെന്നൈ: തമിഴ്നാട് കമ്പത്ത് യുവാവിനെ കൊന്ന് തലയും കൈകാലുകളും അറുത്ത് മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. കമ്പം സ്വദേശി വിഗ്നേശ്വരനെ കൊന്ന സംഭവത്തിൽ അമ്മ സെൽവി, സഹോദരൻ ഭാരത് എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയും സ്വഭാവദൂഷ്യത്തെ ചൊല്ലിയുമുണ്ടായ തര്‍ക്കമാണ് കൊലയിൽ കലാശിച്ചെന്നാണ് പ്രതികൾ പറയുന്നത്.
കൊലനടത്തിയ ശേഷം മെഷീൻ വാളുപയോഗിച്ച് കൈകാലുകൾ അറുത്ത് മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ കനാല്‍ മീന്‍ പിടിക്കുകയായിരുന്ന സംഘമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഇരു ചക്രവാഹനത്തില്‍ എത്തി രാത്രി ചാക്കില്‍ സാധനങ്ങള്‍ കനാലിലേക്ക് തള്ളുന്നത് കണ്ടിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. സംശയം തോന്നിയ ഇവര്‍ ചാക്ക് അഴിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളെ തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.