കരുവന്നൂരിൽ ഇ ഡിക്കെതിരായ സി പി എമ്മിന്റെ പരാതി സമ്മർദ്ദ തന്ത്രമെന്ന് വിലയിരുത്തൽ, കാര്യമാക്കേണ്ടെന്ന് ഉന്നതനിർദ്ദേശം
കൊച്ചി:കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സമ്മർദ്ദങ്ങളൊന്നും കാര്യമാക്കാതെ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഇ ഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിർദ്ദേശം. ചോദ്യം ചെയ്യലിനിടെ പാർട്ടി നേതാക്കളുടെ പേരുപറയുന്നതിനായി മർദ്ദിച്ചെന്നുള്ള സി പി എം നേതാവ് പി ആർ അരവിന്ദാക്ഷന്റെ പരാതിയും തുടർന്നുള്ള പൊലീസ് നടപടിയും അന്വേഷണത്തിന്റെ വേഗം കുറയ്ക്കാനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷണത്തിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
തൃശൂരിൽ കൂടുതൽ സഹകരണ ബാങ്കുകളിൽ അന്വേഷണം നടത്തിയതും ഉന്നത നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീനെ ചോദ്യം ചെയ്തതുമാണ് സമ്മർദ്ദതന്ത്രം പയറ്റിനോക്കാൻ സി പി എമ്മിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. അന്വേഷണം മറ്റുചില ഉന്നത നേതാക്കളിലേക്ക് എത്തിയേക്കുമെന്നും പാർട്ടിക്ക് ഭയമുണ്ട്. അങ്ങനെ ഉണ്ടാവുകയും എ സി മൊയ്തീനെ അറസ്റ്റുചെയ്യുകയും ചെയ്താൽ അത് പാർട്ടിക്ക് കനത്ത ക്ഷീണമാവും ഉണ്ടാക്കുക. കഴിഞ്ഞദിവസം രണ്ടാംവട്ട ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും മൊയ്തീൻ എത്തിയിരുന്നില്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ഉടൻതന്നെ അദ്ദേഹത്തിന് നോട്ടീസ് നൽകും.
അരവിന്ദാക്ഷനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് മുഴുവൻ ക്യാമറകൾക്ക് മുന്നിലാണെന്നും ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ചോദ്യംചെയ്ത് വിട്ടയച്ചയാൾ ഒരാഴ്ചയ്ക്കുശേഷം പരാതി നൽകിയത് സംശയാസ്പദമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ എട്ട് മുതൽ 15 വരെ പല ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ചിരിച്ചു കൊണ്ടാണ് അരവിന്ദാക്ഷൻ മടങ്ങിയതെന്നാണ് ഇ.ഡിയുടെ വിശദീകരണം.
ചോദ്യം ചെയ്യലിനിടെ, ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പറയാൻ നിർബന്ധിച്ച് ഇ.ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് പി.ആർ. അരവിന്ദാക്ഷൻ പരാതി നൽകിയത്. പരാതിയിൽ കൊച്ചി സിറ്റി പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി.ഇതിന്റെ ഭാഗമായി എറണാകുളം സെൻട്രൽ സി.ഐ അനീഷ് ജോയി ഇന്നലെ വൈകിട്ട് ഇ.ഡിയുടെ കൊച്ചിയിലെ ആസ്ഥാനത്തെത്തി വിവര ശേഖരണം നടത്തിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർക്ക് എതിരെ പരാതി ലഭിച്ചതായി അറിയിക്കുകയും, ഉദ്യോഗസ്ഥരുടെ മറുപടി രേഖപ്പെടുത്തുകയും ചെയ്തു. നടപടി ഒരു മണിക്കൂറോളം നീണ്ടു. കേസെടുക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരൻ പറഞ്ഞു.
12ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ഇ.ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചതായാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അരവിന്ദാക്ഷന്റെ പരാതി. മകളുടെ വിവാഹ നിശ്ചയ ദിവസംവരെ താൻ ഇ.ഡിക്ക് മുന്നിൽ പോയതാണ്. ഹിന്ദി ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥനാണ് മർദ്ദിച്ചത്. മുളവടിക്ക് കൈയിലും കൈ കൊണ്ട് പിടലിയിലും മർദ്ദിച്ചു. നേതാക്കൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ പുറം ലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.നിരവധി തവണ അടിച്ചപ്പോൾ ,ഇനി അടിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് നിലവിളിക്കുകയായിരുന്നു. ഒരുപാട് പേപ്പറിൽ ഒപ്പിട്ട് കൊടുക്കാനും പറഞ്ഞു. അവശനായി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.