ക്വട്ടേഷൻ സംഘത്തിന് അടുക്കളവാതിൽ തുറന്ന് കൊടുത്തു; ഭർത്താവിനെ വെട്ടിയ കേസിൽ ഭാര്യയും മകനും അറസ്റ്റിൽ
പീരുമേട്: അർദ്ധരാത്രിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും പിടിയിൽ. ഇടുക്കി വള്ളക്കടവിലാണ് സംഭവം. വള്ളക്കടവ് കരിക്കന്നം വീട്ടിൽ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയും (39), മകൻ മുഹമദ് ഹസനും(19) പൊലീസിന് മൊഴി നൽകി. വധശ്രമത്തിന് വണ്ടിപ്പെരിയാർ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. കൂട്ട് പ്രതികൾക്കായുള്ള അന്വേഷണമാരംഭിച്ചതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ 1.30ഓടെ ഒരു സംഘമാളുകൾ വള്ളക്കടവിലെ വീട്ടിലെത്തി അബ്ബാസിനെ മർദ്ദിക്കുകയായിരുന്നു. ആക്രമിച്ചത് കൊട്ടേഷൻ സംഘമായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് പറയുന്നതനുസരിച്ച്, അഷീറ ബീവിയും അബ്ബാസും തമ്മിൽ വഴക്കും കലഹവും സ്ഥിരമായിരുന്നു. അഷീറ ബീവിയെ മാനസികമായും ശാരീരികമായും അബ്ബാസ് പീഡിപ്പിച്ചുകൊണ്ടിരുന്നു. ഇത് സഹിക്കാനാകാതെ ഇവർ എറണാകുളത്ത് പിതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.പിന്നീടാണ് അയൽവാസി ഷെമീറിന്റെ നിർദേശപ്രകാരം ഭർത്താവിനെ ആക്രമിക്കാൻ പദ്ധതി ഒരുക്കിയത്. ഇതനുസരിച്ച് അഷീറ ബീവിയും മകൻ മുഹമ്മദ് ഹസനും വണ്ടിപ്പെരിയാർ ബസ്റ്റോപ്പിൽ രാത്രി പന്ത്രര യോടെ കാത്തിരുന്നു.
ഷെമീറും സംഘവും കാറിൽ എത്തുകയും ഇവർ രണ്ടുപേരേയും കൂട്ടി വള്ളക്കടവിലേക്ക് അബ്ബാസിന്റെ വീട്ടിൽ എത്തി. ജനലിലൂടെ അടുക്കളവാതിൽ തുറന്നുകൊടുത്ത ശേഷം ഇവർ എറണാകുളത്തേക്ക് മടങ്ങി. മർദ്ദനമേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അബ്ബാസിനെ കാണുന്നതിന് ഭാര്യ അഷീറയും മകൻ മുഹമ്മദ് ഹസനും ആശുപത്രിയിൽ എത്തി പരിചരണ ചുമതല ഏറ്റെടുത്തു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെയും കസ്റ്റഡിൽയിൽ എടുത്തു .ഇതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ. കെ. ഹേമന്ദ് കുമാർ, പ്രിൻസിപ്പൾ എസ്.ഐ. അജേഷ്, എസ്.ഐ. റ്റി.വി.രാജ് മോഹൻ, എ.എസ്.ഐ. മാരായ എസ്.സുബൈർ, കെ.ജി.രാജേന്ദ്രൻ, പി.എം.നിയാസ്, സിവിൽ പൊലീസ് ഓഫീസർ ലിജിത .വി.തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.