മകളെ വിൽക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ്; പിന്നിൽ രണ്ടാനമ്മ, കണ്ടെത്തിയത് പൊലീസിന്റെ നിർണായക നീക്കത്തിലൂടെ
ഇടുക്കി: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് ഐഡിയിൽ നിന്ന് പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് പൊലീസ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പെൺകുട്ടിയുടെ അച്ഛനുമായുള്ള വഴക്കിനെത്തുടർന്നായിരുന്നു രണ്ടാനമ്മ പതിനൊന്നുകാരിയെ വിൽപ്പനയ്ക്കെന്ന് പറഞ്ഞ് പോസ്റ്റിട്ടത്. രണ്ടുദിവസം മുൻപായിരുന്നു സംഭവം. സ്വന്തം ഫോണിൽ നിന്ന് പങ്കുവച്ച പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ലഹരി, നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതുൾപ്പെടെയുള്ള കേസുകളിലെ പ്രതിയായ പിതാവിനെയായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ സമൂഹമാദ്ധ്യമങ്ങളൊന്നും അടുത്തിടെ ഉപയോഗിച്ചില്ലെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ എവിടെനിന്നാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരിശോധിച്ചപ്പോഴാണ് രണ്ടാനമ്മയിലേയ്ക്ക് എത്തുന്നത്. ആദ്യം ഇവർ നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം, രണ്ടാനമ്മയ്ക്ക് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്ളതിനാൽ അറസ്റ്റിന്റെ കാര്യത്തിൽ പൊലീസിന് വെല്ലുവിളി ഉണ്ടെന്നാണ് വിവരം. ഇതിനായി ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉപദേശം തേടി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തിന് ശേഷമാകും അന്തിമ തീരുമാനത്തിലെത്തുക. പെൺകുട്ടിയും വല്യമ്മയും ചേർന്ന് സ്റ്റേഷനിലെത്തി മൊഴി നൽകിയിട്ടുണ്ട്. മാതാവ് ഉപേക്ഷിച്ചുപോയ കുട്ടി വല്യച്ഛന്റെയും വല്യമ്മയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കും.