മാലിന്യ നിര്‍മാര്‍ജനവും കാര്‍ബണ്‍ ക്രെഡിറ്റും നിക്ഷേപത്തിന് മികച്ച കളമൊരുക്കും : അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ശാരദ മുരളീധരന്
കാസര്‍കോട്: മാലിന്യ നിര്‍മാര്‍ജനവും കാര്‍ബണ്‍ ക്രെഡിറ്റുമാണ് ഇനി വ്യവസായ നിക്ഷേപത്തിന് കളമൊരുക്കാന്‍ പോകുന്നതെന്ന്
തദ്ദേശ സ്വയംഭരണം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ശാരദ മുരളീധരന് പറഞ്ഞു. ഉദുമ ലളിത് റിസോര്‍ട്ടില്‍ നടക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇനി ലോക വ്യാപാരത്തിന്റെ അടിസ്ഥാനമാകാന്‍ പോകുന്നത് മാലിന്യ നിര്‍മാര്‍ജനവും കാര്‍ബണ്‍ ക്രെഡിറ്റുമാണെന്ന് അവര്‍ പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്ത് അനന്തസാധ്യതകളാണ് നിലവിലുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സാധ്യമാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ജനങ്ങളെ മുഴുവന്‍ ശുചിമുറികളുടെ ഉപയോഗത്തേക്കുറിച്ച് പഠിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ശൗചാലയങ്ങളില്‍ നിന്ന് സെപ്റ്റിക് ടാങ്കുകളില്‍ എത്തുന്ന മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തെക്കുറിച്ച് അന്ന് ആലോചിച്ചിരുന്നില്ല. നിലവില്‍ അത് വലിയ പ്രതിസന്ധിയായിരിക്കുന്നു. വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ദ്രവരൂപത്തിലുള്ള കക്കൂസ് മാലിന്യത്തിന്റെ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പൊതുജനങ്ങള്‍ തടസ്സം നില്‍ക്കുകയാണ്. അത് മാറണം. ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്ക്കുന്നവര് വരും തലമുറയോട് മറുപടി പറയേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
ഈ മേഖലയില്‍ നിക്ഷേപ സാദ്ധ്യത കൂടുതലാണ്. ദ്രവരൂപത്തിലുള്ള ഈ മാലിന്യത്തില്‍ നിന്നും മികച്ച വളം ലഭിക്കും. അത് കൃഷിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ മികച്ച ഫലം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതര സംസ്ഥാനങ്ങളിലെ സമാന രൂപത്തിലുള്ള പ്ലാന്റുകളും അതില്‍നിന്നും നിര്‍മ്മിക്കുന്ന വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി രീതിയും കണ്ട് മനസ്സിലാക്കിയാണ് സംസാരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കേരളം പോലെ സ്ഥല പരിമിതി നേരിടുന്ന ഒരു സംസ്ഥാനത്ത് ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഭൂമിക്ക് അടിയിലും സാധ്യമാണ്. അറവു മാലിന്യങ്ങളിലും ഹോട്ടല്‍ മാലിന്യങ്ങളിലും മികച്ച നിക്ഷേപ സാധ്യതകളാണുള്ളത്. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവരുടെ പരിധിയിലുള്ള അറവുശാലകളിലും ഹോട്ടലുകളിലും നിര്‍ദ്ദേശങ്ങള്‍ നല്കി സംരംഭകര്‍ക്ക് മാലിന്യം കൈമാറാവുന്നതാണ്. മൊബൈല്‍ എഫ്.എസ്.ടി.പി.കളിലൂടെ ഓരോ ദിവസവും ചുരുങ്ങിയത് 50 കിലോ മാലിന്യം ഉണക്കി വളമാക്കാം. ചെറുകിട വന്‍കിട സംരംഭകര്‍ക്ക് അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്ന മേഖലയാണ് മാലിന്യനിര്മാര്ജനമെന്നും വ്യവസായ നിക്ഷേപമായി കരുതിയാല്‍ മാലിന്യത്തെ പൊന്നാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.