റൈസിംഗ് കാസര്‍കോട് നിക്ഷേപ സംഗമത്തിന് സമാപനം; 282 കോടി രൂപയുടെ നിക്ഷേപം ആദ്യ ഘട്ടത്തില്‍ അന്തിമമാക്കി
കാസര്‍കോട്: രണ്ട് ദിവസം നീണ്ട നിക്ഷേപ സംഗമം, ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് വിവിധ സെഷനുകള്‍ , സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ , പ്രൊജക്ട് ആശയങ്ങളുമായി നിക്ഷേപകര്‍ക്ക് മുന്നില്‍ ഇരുപത് പേര് . ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം നിക്ഷേപകരുടെ പങ്കാളിത്തം കൊണ്ടും ഇടപെടല്‍ കൊണ്ടും നിക്ഷേപ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ടും വന്‍ വിജയമായി. നിക്ഷേപക സംഗമത്തിലൂടെ ജില്ലയില്‍ 282 കോടി രൂപയുടെ നിക്ഷേപത്തിന് അന്തിമ രൂപമുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 300 കോടി രൂപയുടെ പ്രവാസി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ പ്രവാസി ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇതിന്റെ സാധ്യതയും ഡി.പി.ആറും പഠിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കുമെന്ന് ബേബി ബാലകൃഷ്ണന് പറഞ്ഞു.ആദ്യദിനം നൂറോളം നിക്ഷേപകര്‍ക്ക് മുന്നില്‍ തിരഞ്ഞെടുക്കപ്പെട്ട 22 പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. നിക്ഷേപകര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകള്‍ സംരംഭങ്ങള്‍ ആക്കി മാറ്റാനുള്ള പിന്തുണാ സംവിധാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായും, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ സമിതിയില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ അംഗങ്ങള്‍ ആയിരിക്കും.നിക്ഷേപക സംഗമത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപ താല്പര്യം അറിയിച്ച സംരംഭകര്‍ക്കായി വരും ദിവസങ്ങളില്‍ പ്രത്യേകം യോഗം ചേരും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയില്‍ പ്രതീക്ഷിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ , ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.മനു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജോമോന് ജോസ് , ജാസ്മിന് കബീര്‍, ഷിനോജ് ചാക്കോ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് , നവകേരളം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.