മുഖംമൂടി ധരിച്ചെത്തി പ്രാങ്കിന്റെ പേരിൽ വിദ്യാർത്ഥിനികളെ ശല്യം ചെയ്തു, ദൃശ്യങ്ങൾ പകർത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: പ്രാങ്കിന്റെ പേരിൽ വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കോൺവെന്റ് റോഡിലാണ് സംഭവം. ആനാവൂർ സ്വദേശി മിഥുൻ (23), പാലിയോട് സ്വദേശി കണ്ണൻ (28) എന്നിവരാണ് അറസ്റ്റിലായത്. മുഖംമൂടി ധരിച്ചെത്തി സ്കൂൾ വിദ്യാർത്ഥിനികളെ അനുവാദമില്ലാതെ സ്പർശിച്ചു എന്നതാണ് പരാതി
മുൻപും ഇവർക്കെതിരെ പരാതി ഉയർന്നിരുന്നു. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം പെൺകുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു. രണ്ട് യുവാക്കൾ മുഖംമൂടി ധരിച്ചിരുന്നു. മറ്റൊരു യുവാവ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. സമ്മതമില്ലാതെ പെൺകുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുകയും ആൺകുട്ടികളെ എടുത്തുയർത്തുകയും ചെയ്തു. നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തെ മറ്റ് ഭാഗങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാട്ടാക്കട, പൂവാർ ഉൾപ്പെടെയുള്ള ഗ്രാമ പ്രദേശങ്ങളിൽ മുഖംമൂടി സംഘം വിദ്യാർത്ഥികളെ ശല്യപ്പെടുത്തുന്നതായി രക്ഷിതാക്കൾ പരാതി ഉയർത്തിയിരുന്നു. മുയൽ ചെവിയുടെ രൂപത്തിലുള്ള മുഖംമൂടി ധരിച്ച് ബൈക്കിൽ ചീറിപ്പായുന്ന ഇവർ കാട്ടാക്കട, പോങ്ങുംമൂട്, മാറനല്ലൂർ, നെയ്യാറ്റിൻകര, അരുമാനൂർ പ്രദേശത്തെ സ്കൂളുകളുടെ പരിസരം കേന്ദ്രീകരിച്ച് ചുറ്റിത്തിരിയുന്നുവെന്നാണ് പരാതി.
വിദ്യാർത്ഥിനികളുടെ അടുത്തെത്തുന്ന ഇവർ പരിചയ ഭാവത്തിൽ ‘ എവിടെയോ കണ്ടിട്ടുണ്ടല്ലോ, നിന്നെ എനിക്ക് അറിയാം, അച്ഛനെ അറിയാം എന്നിങ്ങനെ പറഞ്ഞുപോകും. തൊട്ടടുത്ത ദിവസം ഈ പരിചയത്തിൽ സംസാരിക്കാൻ ശ്രമിക്കുന്ന ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലുള്ളവരാണെന്നാണ് രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയിലുള്ളത്.